കേരളാ കോണ്‍ഗ്രസ്സ് (എം) നെ ജൂണ്‍ 29 നാണ് യു.ഡി.എഫില്‍ നിന്നും പുറത്താക്കിയത്. അതിനെത്തുടര്‍ന്ന് സ്വതന്ത്രരാഷ്ട്രീയ നിലപാടാണ് കേരളാ കോണ്‍ഗ്രസ്സ് (എം) സ്വീകരിച്ചത്.

കെ.എം മാണിസാര്‍ കെട്ടിപ്പടുത്തതാണ് യു.ഡി.എഫ്. ആ കോണ്‍ഗ്രസ്സ് (എം) ന് യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ല എന്ന് പറഞ്ഞുകൊണ്ടാണ് 38 വര്‍ഷത്തിനിപ്പുറം ആ മുന്നണിയില്‍ നിന്നും പടിയടച്ച് പുറത്താക്കിയത്. ആ തീരുമാനം പ്രഖ്യാപിച്ചവര്‍ മാണി സാറിന്റെ ആത്മാവിനെയും എന്നും ഒപ്പം നിന്ന ഒരു ജനവിഭാഗത്തെയുമാണ് അപമാനിച്ചത്.
കോണ്‍ഗ്രസ്സിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അനീതിയാണ് കേരളാ കോണ്‍ഗ്രസ്സ് (എം) ന് നേരിടേണ്ടിവന്നത്. പാലാ തെരെഞ്ഞെടുപ്പിലെ കൊടും ചതിയും, നിയമസഭയിലെ ഞങ്ങളുടെ എം.എല്‍.എമാര്‍ക്ക് നേരിടേണ്ടി വന്ന അവഗണനയും, അപമാനവും മുന്നണിക്കകത്ത് നിരന്തരം ഉന്നയിച്ചിട്ടും ഒരിക്കല്‍പ്പോലും ചര്‍ച്ചചെയ്യാന്‍ നേതൃത്വം തയ്യാറായില്ല.
ഏറ്റവും നീചമായ വ്യക്തിഹത്യ എന്നെക്കുറിച്ച് നിരന്തരം നടത്തിയ പി.ജെ, കേരളാ കോണ്‍ഗ്രസ്സ് (എം) പിടിച്ചടക്കാന്‍ അധാര്‍മ്മികമായ മാര്‍ഗ്ഗങ്ങളാണ് ഉപയോഗിച്ചത്. മാണിസാറിന്റെ രോഗവിവരം അറിഞ്ഞ ഉടന്‍ ഒരു അര്‍ഹതയുമില്ലാത്ത കോട്ടയം ലോക്‌സഭാ സീറ്റിനായി നടത്തിയ അവകാശവാദം, പാര്‍ട്ടി ചിഹ്നവും പാര്‍ട്ടി ഓഫീസും തുടങ്ങി മാണി സാര്‍ കെട്ടിപ്പടുത്ത പ്രസ്ഥാനം തന്നെയും ഹൈജാക്ക് ചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍ പൊളിറ്റിക്കല്‍ വള്‍ച്ചറിസമാണ്. പൊളിറ്റിക്കല്‍ വള്‍ച്ചറിസം ആയിട്ടും ആ നിലയില്‍ ഒരിക്കലും പ്രതികരിച്ചിട്ടില്ല. മുന്നണിയില്‍ ഇപ്രകാരം എല്ലാം നടന്നപ്പോഴും ഒരിക്കല്‍പ്പോലും അതിനെതിരെ ആ നിലയില്‍ പ്രതികരിച്ചിട്ടില്ല.
ലോക്‌സഭയിലും, രാജ്യസഭയിലുമായി യു.പി.എക്ക് നാമമാത്രമായ എം.പിമാര്‍ മാത്രമുള്ളപ്പോള്‍ രണ്ട് എം.പിമാരുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കേവലമൊരു ലോക്കല്‍ബോഡി പദവിയുടെ പേരിലാണ് പുറത്താക്കിയത്. ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു കരാറിന്റെ പേരുപറഞ്ഞായിരുന്നു ഈ നടപടി.
കേരളാ കോണ്‍ഗ്രസ്സിനെ തകര്‍ക്കാനുള്ള ഈ ശ്രമങ്ങള്‍ കാണുമ്പോള്‍ യു.ഡി.എഫ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് 2016 ലെ ചരല്‍ക്കുന്ന് ക്യാമ്പില്‍ കെ.എം മാണി സാര്‍ നടത്തിയ പ്രസ്താവനയിലെ വാക്കുകള്‍ വീണ്ടും പ്രസക്തമാവുകയാണ്. യു.ഡി.എഫ് നേതൃത്വത്തിലിലെ ചിലരുടെ മുഖ്യശത്രു കേരളാ കോണ്‍ഗ്രസ്സാണ്. number one enemy is Kerala Congress. തെരെഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ പ്രത്യേക ബെറ്റാലിയനും, പ്രത്യേക ഫണ്ടും, പ്രത്യേക റിക്രൂട്ട്‌മെന്റും ഉണ്ട് എന്നാണ് മാണി സാര്‍ അന്ന് പറഞ്ഞത്.
മാണിസാറിനോട് വലിയ സ്‌നേഹപ്രകടനമാണ് പലരും ഇപ്പോള്‍ നടത്തുന്നത്. ഞങ്ങളെ പുറത്താക്കിയപ്പോള്‍ ആ സ്‌നേഹമൊന്നും കണ്ടില്ല. പടിയടച്ച് കേരളാ കോണ്‍ഗ്രസ്സിനെ പുറത്താക്കിയവര്‍ കേരളാ കോണ്‍ഗ്രസ്സ് സ്വയം പുറത്തുപോയതാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ആവര്‍ത്തിച്ച് ശ്രമിച്ചത്. ചര്‍ച്ചക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചവരില്‍ നിന്നും ഈ മൂന്നുമാസത്തിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയ്ക്ക് ആത്മാര്‍ത്ഥമായ പരിശ്രമമോ സത്യസന്ധമായ ആശയവിനിമയമോ ഒരിക്കല്‍പ്പോലും ഉണ്ടായില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭയില്‍ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ പിന്തുണക്കണമെന്ന് മുന്നണിക്ക് നേതൃത്വം നല്‍കുന്നവര്‍ ഒരിക്കല്‍പ്പോലും കേരളാ കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടില്ല. രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്തുണക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് യു.ഡി.എഫിന് നേതൃത്വം നല്‍കുന്നവര്‍ ഒരിക്കലും ആവശ്യപ്പെട്ടില്ല.
അപ്പോള്‍ ഇവിടെ ഒരു അജണ്ട ശക്തമാണ്. കേരളാ കോണ്‍ഗ്രസ്സിനെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്നതാണ് ആ അജണ്ട. കേരളാ കോണ്‍ഗ്രസ്സിനെ എന്നെന്നേക്കുമായി ഇല്ലാതാക്കുക. മാണി സാറിന്റെ രാഷ്ട്രീയത്തെ അവസാനിപ്പിക്കണം. ആ അജണ്ടയുടെ ആവര്‍ത്തനമാണ് ഇവിടെ കണ്ടത്.അത്തരമൊരു അജണ്ടയുടെ മുന്നില്‍ ഈ പാര്‍ട്ടിക്ക് അടിയറവ് വെയ്ക്കാനാവില്ല.
2018 നവംബര്‍ 15, 16 തീയതികളില്‍ മാണിസാറിന്റെ നേതൃത്വത്തില്‍ ചരല്‍ക്കുന്നില്‍ ചേര്‍ന്ന സംസ്ഥാനക്യാമ്പ് കര്‍ഷകരക്ഷ, മതേതരത്വം, പുതിയ കേരളം എന്നീ ആശയങ്ങള്‍ കേരളാ കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത മുദ്രാവാക്യങ്ങളായി അംഗീകരിച്ചു. ഈ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിലാകണം ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടത് എന്നാണ് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റിയോഗം വിലയിരുത്തിയത്.
നമ്മുടെ രാജ്യത്ത് വര്‍ഗ്ഗീയശക്തികള്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ അതിനെ ചെറുത്തുതോല്‍പ്പിക്കുന്നതിനും, നമ്മുടെ സംസ്ഥാനത്തിന്റെ മതമൈത്രി കാത്തുസൂക്ഷിക്കുന്നതിനും എല്‍.ഡി.എഫ് സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.
പ്രളയം, കോവിഡിന്റെ മഹാവിപത്ത് കാര്‍ഷികമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച പ്പോള്‍ ഇത് പരിഹരിക്കുന്നതിനുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ കേരളാ കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സമര്‍പ്പിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയ്ക്ക് ശക്തിപകരുന്ന ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒട്ടേറെ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
കേരളാ കോണ്‍ഗ്രസ്സിന്റെ കാര്‍ഷിക മാനിഫെസ്റ്റോ തയ്യാറാക്കിയിട്ടുണ്ട്. . റബറിന്റെ താങ്ങുവില കിലോയ്ക്ക് 200 രൂപ ആക്കുക. മലയോരമേഖലയിലെ പട്ടയപ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുക.. തോട്ടവിള കൃഷിമേഖലകളില്‍ കര്‍ഷകന് ലാഭകരവും അനുയോജ്യവുമായ ഇടവിളകൃഷി നടത്തുന്നതിനുള്ള അവകാശം നല്‍കുന്ന നിയമഭേദഗതി നടപ്പിലാക്കുക.. വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് നിയമഭേദഗതി നടപ്പിലാക്കുക തുടങ്ങിയത് ഉള്‍പ്പടെയുള്ള കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കേണ്ട സമഗ്രമായ നിര്‍ദേശങ്ങളും കര്‍മ്മപദ്ധതിയും സംസ്ഥാന സര്‍ക്കാരിന് പാര്‍ട്ടി സമര്‍പ്പിക്കും.
കേരള കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസ്സ് (എം) കൈക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാന്‍ സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. കേരളാ കോണ്‍ഗ്രസ്സിന്റെ നിര്‍ണ്ണായകമായ ഈ രാഷ്ട്രീയ തീരുമാനം കേരള രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണ്ണയിക്കുന്നതായി മാറിത്തീരുമെന്നും ജോസ് കെ.മാണി പറഞ്ഞു. പത്രസമ്മേളനത്തില്‍ തോമസ് ചാഴികാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, ഉന്നതാധികാരസമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
രാജ്യസഭാ എം.പി സ്ഥാനം രാജിവെയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ജോസ് കെ.മാണി. ശക്തമായ ജനകീയ അടിത്തറയുള്ള കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണ് ഈ സ്ഥാനം. എന്നാല്‍ രാഷ്ട്രീയമായും വ്യക്തിപരമായും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണം എന്ന നിര്‍ബന്ധം എനിക്കുള്ളതിനാല്‍ രാജ്യസഭാഗത്വം രാജിവെയ്ക്കാന്‍ തീരുമാനിക്കുകയാണ്.

By admin