-കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ “വീറ്റോ” ചെയ്യുന്നു

ജോസ് കെ.മാണി

ആലപ്പുഴ. അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുകയും രാഷ്ട്രീയ വല്‍ക്കരിക്കുകയും ചെയ്ത ബി.ജെ.പി ഭരണകൂടം ഭരണഘടനയെതന്നെ തിരുത്തി എഴുതാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ ആലപ്പുഴ ജില്ലയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാനമായ കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും വികസന സമീപനങ്ങളിലും നിര്‍ണ്ണായക പങ്കുള്ള കേന്ദ്ര പ്ലാനിങ്ങ് കമ്മീഷന്‍ ഇല്ലാതാക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ആദ്യം ചെയ്തത്. സ്വയം ഭരണ സ്വഭാവമുള്ള റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ രാജ്യം കണ്ടതാണ്. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് സ്വന്തം താല്‍പര്യങ്ങള്‍ സൂക്ഷിക്കുന്ന ആളിനെ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നാണം കെട്ട നീക്കങ്ങള്‍ക്കെതിരായ വലിയ പ്രതിഷേധമാണ് ഇന്ത്യയില്‍ ഉയര്‍ന്നത്. ഒരിക്കല്‍കൂടി ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ വോട്ട് ചെയ്യാനുള്ള അവകാശം പോലും പൗരന്മാര്‍ക്ക് നഷ്ടമാകുമെന്നും ജോസ് കെ.മാണി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെജനാധിപത്യവും ഫാസിസവും തമ്മിലുള്ള മത്സരമാണ് വരാന്‍ പോകുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പെന്നും ജോസ് കെ.മാണി പറഞ്ഞു. 

By admin