ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബഡ്ജറ്റില്‍ കാരുണ്യ പദ്ധതിയെ കശാപ്പ് ചെയ്ത് ഇന്‍ഷുറന്‍സ് പദ്ധതിയാക്കിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. സര്‍ക്കാരിന് ഒരു രൂപ പോലും ബാധ്യത സൃഷ്ടിക്കാതെ ലോട്ടറി പണം കൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ ആവിശ്കരിച്ച പദ്ധതിയാണ് കാരുണ്യ. ഐസക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ഉള്‍പ്പടെ കേന്ദ്രം മുമ്പ് തന്നെ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയാണ്. എന്നാല്‍ ആ പദ്ധതി ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേ പദ്ധതി തന്നെ ഇന്ന് പേര് മാറ്റി മേനി നടിക്കുകയാണ് ഐസക്ക്. കേരളയാത്രയുടെ പാലക്കാട് ജില്ലയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരെഞ്ഞെടുപ്പിന് മുന്‍പ് ജനപ്രിയ ബഡ്ജറ്റുകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന പതിവ് തെറ്റിച്ച് ജനദ്രാഹ ബഡ്ജറ്റ് അവതരിപ്പിച്ച് ആന്റിക്ലൈമാക്‌സ്  സൃഷ്ടിച്ചിരിക്കുകയാണ് മന്ത്രി തോമസ് ഐസക്കെന്നും ജോസ് കെ.മാണി പറഞ്ഞു. കുടിവെള്ളം മുതല്‍ കമ്പ്യൂട്ടറിന് വരെ കടുത്ത വിലവര്‍ദ്ധനവിന് ബഡ്ജറ്റ് വഴിയൊരുക്കും. പ്രളയാനന്തരം അവതരിപ്പിക്കപ്പെട്ട ആദ്യ ബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 2500 കോടി മാത്രം വകയിരുത്തുക വഴി പ്രളയത്തേക്കാള്‍ വലിയ ദുരന്തമാണ് കര്‍ഷകര്‍ക്ക് ഈ സര്‍ക്കാര്‍ സമ്മാനിച്ചിരിക്കുന്നത്. ഇസ്ലാമിക് ബാങ്കിംഗ്, അണല്‍ക്കെട്ടുകളിലെ മണല്‍ സംഭരണം തുടങ്ങി മലര്‍പ്പൊടിക്കാരന്‍പോലും കാണാത്ത സ്വപ്നങ്ങള്‍ മുമ്പ് അവതരിപ്പിച്ച ഐസക്കിന്റെ പുതിയ പുതിയ പദ്ധതിയേയും വെറും ബെഡായി മാത്രമായി കേരളം കാണൂ. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ്, നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി, പ്രളയം സൃഷ്ടിച്ച പ്രതിസന്ധി, വന്യമൃഗ ശല്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കൊന്നും ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ കാര്‍ഷിക മേഖല ചരിത്രത്തില്ലാത്ത ദുരന്തത്തെ നേരിടുകയാണ്. കര്‍ഷകര്‍ക്ക് കൈത്താങ്ങാകേണ്ട കൃഷി വകുപ്പ് സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

By admin